ദുബായ്: ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കെതിരേ ജിസിസി രാജ്യങ്ങൾ ഒറ്റക്കെട്ടായി രംഗത്ത്.
മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന നിലപാട് അംഗീകരിക്കില്ലെന്നും പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജിസിസി വ്യക്തമാക്കി. വേണ്ടിവന്നാൽ ഇറാനെതിരായ യുദ്ധത്തിൽ അണിചേരുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയതായി ഇസ്രേലി മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തു.
അമേരിക്കയെ എന്നല്ല, ആരെ ലക്ഷ്യമിട്ടായാലും ഗൾഫിലേക്ക് ആക്രമണം പാടില്ലെന്നാണ് ജിസിസി രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. ഗൾഫിലേക്ക് ഇറാൻ ആക്രമണം തുടങ്ങിയപ്പോൾത്തന്നെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവിധ രാജ്യങ്ങൾ രംഗത്തെത്തി.
ഏറ്റവുമൊടുവിലാണ് ജിസിസി കൂട്ടായ്മയുടെ മുന്നറിയിപ്പ് വന്നത്. ഇറാന്റെ ഗൾഫ് നീക്കങ്ങളെ പ്രതിരോധിക്കാൻ ഏതു വിധേനയുള്ള സൈനിക-നയതന്ത്ര നടപടികൾക്കും തയാറാണെന്നും അംഗരാജ്യങ്ങൾ പ്രഖ്യാപിച്ചു. മേഖലയെ ഒന്നടങ്കം അപകടത്തിലാക്കുന്ന പ്രകോപനപരമായ നീക്കങ്ങൾ ഇറാനെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തുകയാണ്.
സൗദിയിലെ കിംഗ് ഫഹദ് വ്യോമതാവളത്തിനു നേരേയും യുഎസ് സൈനിക കേന്ദ്രത്തിനു നേരേയും മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു.
എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇറാന്റെ നടപടിയെ സൗദി അതിശക്തമായി അപലപിച്ചാണ് ആദ്യംതന്നെ രംഗത്തെത്തിയത്.
ഏതു വെല്ലുവിളിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പൂർണ സൈനികശേഷി വിന്യസിക്കുമെന്നും സൗദി മുന്നറിയിപ്പ് നൽകി. പിന്നാലെ ബഹറിനും ഖത്തറും യുഎഇയുമടക്കം ഗൾഫിലേക്ക് ആക്രമണം പാടില്ലെന്നു വ്യക്തമാക്കി രംഗത്തെത്തി. അമേരിക്കൻ അഞ്ചാം കപ്പൽപ്പട ലക്ഷ്യമിട്ട് ബഹറിനിലെ യുഎസ് സൈനികതാവളം ആക്രമിച്ചതിലും പ്രതിഷേധം വ്യാപകമാണ്.